ചെന്നൈ: സംഘപരിവാർ ഉയർത്തുന്ന സനാതന ധർമ സിദ്ധാന്തത്തെ നിശിതമായി വിമർശിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്ത്. സനാതന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി പറഞ്ഞു. സനാതന ധർമം എന്ന ആശയത്തെ എതിർക്കുന്നതിനു പകരം ഉന്മൂലനം ചെയ്യണം. സനാതന എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്- യുവജന ക്ഷേമ കായിക മന്ത്രി പറഞ്ഞു.

ചിലകാര്യങ്ങളെ എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കുകയാണ് വേണ്ടത്. നമുക്ക് ഡെങ്കി, മലേറിയ, കൊറോണ എന്നിവയോടൊന്നും എതിർക്കാൻ കഴിയില്ല. അവയെ ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധർമം എന്ന ആശയത്തേയും ഇല്ലാതാക്കണം- തമിഴ് യുവ നടൻ ആഹ്വാനം ചെയ്തു. പരിവാർ പ്രസ്ഥാനങ്ങൾ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.