കുമരകം: കാറ്റിൽപെട്ടു ആടിയുലഞ്ഞ ശിക്കാര വള്ളത്തിലെ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വേമ്പനാട്ടുകായലിൽ ഇന്നലെ ഉച്ചയ്ക്ക് 2.15ന് ആണു സംഭവം. സ്ത്രീകളടക്കം 12 വിനോദസഞ്ചാരികളുമായി പോയ ശിക്കാരി വള്ളമാണ് ശക്തമായ കാറ്റിൽ അപകടാവസ്ഥയിലായത്. ഈ സമയം ജലഗതാഗത വകുപ്പിന്റെ ബോട്ട് എത്തി എല്ലാവരേയും രക്ഷപ്പെടുത്തുകയായിരുന്നു.

ആലപ്പുഴയിൽനിന്നു വിനോദസഞ്ചാരികളുമായി വന്ന ശിക്കാര വള്ളമാണു കാറ്റിൽപെട്ടത്. മുഹമ്മയിൽ നിന്നു കുമരകത്തേക്കു വരുകയായിരുന്ന എസ്55 ബോട്ടിലെ ജീവനക്കാരാണു സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. വള്ളം കാറ്റിൽ ഉലയുകയും തിരമാലയടിച്ചു വെള്ളം വള്ളത്തിൽ കയറുകയും ചെയ്തതോടെ സഞ്ചാരികൾ തോർത്ത് എടുത്തു വീശി. ഇതു കണ്ട ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാർ വേഗം ശിക്കാര വള്ളത്തിനടുത്തെത്തി. വള്ളത്തിൽ ഉണ്ടായിരുന്നവരെ ബോട്ടിൽ കയറ്റിയ ശേഷം വള്ളം ബോട്ടിൽ കെട്ടി കുമരകത്തെത്തിക്കുക ആയിരുന്നു.

രക്ഷപ്പെടുത്തിയവരെ പിന്നീടു മുഹമ്മയ്ക്കു പോയ ബോട്ടിൽ കയറ്റിക്കൊണ്ടു പോയി. മുഹമ്മ ബോട്ട് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെത്തുടർന്നു ബോട്ട് മാസ്റ്റർ എ.കെ.ബിനീഷ്, സ്രാങ്ക് കണ്ണപ്പൻ, ഡ്രൈവർ നൈസൽ, ലാസ്‌കർമാരായ വി.പി. സജീവൻ, ബിജുകുമാർ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.