എടക്കാട്: എടക്കാട് ഒ.കെ.യു.പി. സ്‌കൂളിന് സമീപം യുവതിയെ വീട്ടിൽക്കയറി ആക്രമിച്ചു. കുടുംബ സുഹൃത്തായ യുവാവ് വീട്ടിലെത്തി കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. അൽഷിഫ ഹൗസിൽ കെ.സാബിറ(45) യാണ് അക്രമത്തിന് ഇരയായത്. ഇവർ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

കുടുംബ സുഹൃത്ത് എടക്കാട് സ്വദേശി ഫയറൂസ് (45)ആണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സാബിറയെ ആക്രമിച്ച ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. എടക്കാട്ട് വാടകവീട്ടിൽ താമസിക്കുന്ന ഫയറൂസ് രാവിലെ സാബിറയുടെ വീട്ടിന്റെ അടുക്കളഭാഗത്ത് വച്ചാണ് ആക്രമിച്ചത്. കത്തികൊണ്ട് വയറ്റിൽ കുത്തി. തേങ്ങാപ്പാരകൊണ്ട് തലയിൽ വെട്ടിയതായും പൊലീസ് പറഞ്ഞു. അക്രമംകണ്ട് സാബിറയുടെ മക്കൾ ബഹളംവെച്ചു. സാബിറയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പ്രതി വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നാട്ടുകാരും തിരച്ചിൽ നടത്തി. എടക്കാട് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്യാടൻ, പ്രിൻസിപ്പൽ എസ്‌ഐ. എൻ.ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.