- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം; വാതിലുകളും ജനലുകളും തകർത്തു
തൃശൂർ: തോട്ടം തൊഴിലാളിയുടെ വീട് തകർത്ത് കാട്ടാന. കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന തകർത്ത് തരിപ്പണമാക്കിയത്. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകർത്തു. വാതിലും ജനലുകളും പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
വീടനകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങൾ തുടങ്ങിയവയെല്ലാം തകർത്ത് വലിച്ചെറിയുകയും ചെയ്തു. ഓണമാഘോഷിക്കാൻ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്. പ്രദേശത്തെ ലയങ്ങൾക്ക് സമീപമുള്ള റബർ തോട്ടത്തിൽ പത്തിൽ പരം കാട്ടാനകൾ സ്ഥരം തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രിയും പകലും ആനകൾ ഒറ്റയ്ക്കും കൂട്ടമായും ലയത്തിനടുത്ത് വരുന്നത് പതിവാണ്. ഭീതിയോടെയാണ് തൊഴിലാളികളും കുടുംബങ്ങളും ഇവിടെ കഴിച്ചുകൂട്ടുന്നത്. ആനയെ ഭയന്ന് പകൽ സമയങ്ങളിൽ പോലും കുട്ടികളെ പുറത്തു വിടാറില്ല. ആനശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.



