സുൽത്താൻ ബത്തേരി: വയനാട് മൂലങ്കാവിൽ ദിവസങ്ങളായി ഭീതി പരത്തിയ കടുവ കൂട്ടിലായി. ജനവാസകേന്ദ്രങ്ങളിൽ നിരന്തരം ഇറങ്ങുന്ന കടുവയെ പിടിക്കാനായി വനസേന നൂൽപ്പുഴ പഞ്ചായത്തിലെ എർലോട്ടുകുന്നിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് കടുവ കൂട്ടിൽ അകപെട്ടത്. പ്രാഥമിക പരിശോധനകൾക്കായി കടുവയെ പച്ചാടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി.

വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ച് പരിധിയിലാണ് എർലോട്ടുകുന്ന്. ദിവസങ്ങളായി ജനങ്ങൾ ഇവിടെ കടുവയെ ഭയന്നാണ് ജീവിച്ചിരുന്നത്. എന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൂലങ്കാവ് 64ൽ ദേശീയപാത ഉപരോധിച്ചതിനെത്തുടർന്നാണ് ഇവിടെ കൂട് സ്ഥാപിക്കുന്നതിന് ഉത്തരവിറങ്ങിയത്.

നോർത്ത് വയനാട് വനം ഡിവിഷനിൽപ്പെടുന്ന പനവല്ലിയിലും ഞായറാഴ്ച കുട് സ്ഥാപിച്ചിരുന്നു. കടുവ സാന്നിധ്യം രണ്ടാഴ്ചയിലധികമായി സർവാണി, പനവല്ലി നിവാസികളുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. നാട്ടുകാർ കടുവയുടെ ദൃശ്യങ്ങൾ പകർത്തി നൽകിയിട്ടും വനസേന കൂടുവയ്ക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞദിവസം കടുവ ഇറങ്ങിയതറിഞ്ഞ് സർവാണിയിലെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. ഇതേത്തുടർന്നു നടന്ന ചർച്ചയിലാണ് കൂട് വയ്ക്കാൻ തീരുമാനമായത്.

എർലോട്ടുകുന്നിലും ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. ഇതേത്തുടർന്ന് കടുവയെ പിടിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തുവന്നത്.

വ്യാഴാഴ്ച വനപാലകരുടെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കടുവയെ പിടിക്കുന്നതിനു കൂടുവയ്ക്കാൻ ധാരണയായി. ഇതിനു പിന്നാലെ കൂട് എത്തിച്ചെങ്കിലും ഉത്തരവിന്റെ അഭാവത്തിൽ സ്ഥാപിച്ചില്ല.

ഇതിലുള്ള അമർഷം പ്രദേശവാസികൾ ഉള്ളിലൊതുക്കി കഴിയുന്നതിനിടെ രാത്രി ഒൻപതരയോടെ എർലോട്ടുകുന്നിൽ വീണ്ടും കടുവ എത്തി. പ്രദേശത്തെ രാജേഷിന്റെ പശുവിനെ ആക്രമിച്ചു. നായയെ കടിച്ചുകൊണ്ടുപോയി. പിന്നാലെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കൂട് സ്ഥാപിച്ചത്.