- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് പ്ലസ് വൺ വിദ്യാർത്ഥികൾ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചു; ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തു
കൊച്ചി: സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥികൾ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടന്ന സംഭവത്തിൽ മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരെ കേസെടുത്തു. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്.
നാല് വിദ്യാർത്ഥികൾ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ 25ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികൾ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
ആദ്യം കുട്ടികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. സഹപാഠികൾ മദ്യം നൽകിയെന്നായിരുന്നു കുട്ടികൾ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്കോ ഔട്ട് ലെറ്റിൽനിന്നും വാങ്ങിയതാണെന്ന വിവരം ലഭിച്ചു. തുടർന്നാണ് ജീവനക്കാർക്കെതിരെ പൊലീസ് കേസ് എടുത്തത്.
പതിനെട്ടുവയസ് പൂർത്തിയാകത്തവർക്ക് മദ്യം നൽകരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പോലും മദ്യം നൽകിയിട്ടില്ലെന്നാണ് ബെവ്കോ ജീവനക്കാർ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.




