അടിമാലി: ശുചിമുറിയിൽ പോകാൻ വിലങ്ങ് അഴിച്ചപ്പോൾ ജീവനക്കാരെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ നാട്ടുകാർ പിടികൂടി എക്‌സൈസിന് കൈമാറി. ഇടുക്കിയിൽ നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫിസിൽ നിന്നു കടന്നുകളഞ്ഞ പ്രതിയെയാണ് നാട്ടുകാർ പിടികൂടിയത്. പത്തനംതിട്ട കോഴഞ്ചേരിയിൽ വച്ചാണ് പ്രതി പിടിയിലായത്. ഒഡീഷ സ്വദേശി ഗുരുപതർ വിജയഗമാനെ (34) ആണ് നാട്ടുകാർ പിടികൂടി എക്‌സൈസിന് കൈമാറിയത്.

വെള്ളിയാഴ്ച രാത്രി 11ന് ആണ് ഗുരുപതറിനെ 4.250 കിലോ കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി അവിടെ നിന്നു ജീവനക്കാരനെ തള്ളിവീഴ്‌ത്തി കടന്നുകളയുകയായിരുന്നു.

പ്രതിക്ക് കോഴഞ്ചേരിയിൽ സുഹൃത്തുക്കളുണ്ടെന്ന് എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ കോഴഞ്ചേരിയിൽ നിന്നു നാട്ടുകാർ പിടികൂടി എക്‌സൈസ് സംഘത്തിനു കൈമാറിയത്.