മേപ്പാടി: വയനാട്ടിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടൻ വീട്ടിൽ പി.കെ. നാസിക്ക്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയത്.

ജില്ലാ പൊലീസ് മേധാവി പദം സിങ് ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് തോംസൺ ജോസ് ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ നാസിക്ക് നിരവധി കേസുകളിൽ പ്രതിയാണ് നാസിക്. മാരക ലഹരി വസ്തുക്കൾ കൈവശം വെക്കൽ, വിൽപ്പന നടത്തൽ, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കവർച്ച നടത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, കൈയേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.