തലശേരി: കാപ്പ നിയമം ലംഘിച്ചുവീണ്ടും തലശേരിയിലെത്തി അക്രമത്തിൽ ഏർപ്പെട്ട യുവാവിനെ രണ്ടാം തവണയും തലശേരി ടൗൺ പൊലിസ് പിടികൂടി. തലശേരി ചാലിൽ സ്വദേശിയായ കെ.സുനീറിനെയാ(34)യാണ് തലശേരി ടൗൺ പൊലിസ് തിങ്കളാഴ്‌ച്ച രാവിലെ എട്ടുമണിക്ക് അറസ്റ്റു ചെയ്തത്.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്നാണ് നേരത്തെ പൊലിസ് കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയത്. മാസങ്ങൾ കഴിയും മുൻപെ വീണ്ടും തലശേരിയിലെത്തി കാപ്പ നിയമം ലംഘിച്ചതിന് ഇയാൾ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും സുനീറിന്റെ അമ്മാവൻ മരണമടഞ്ഞതിനെ തുടർന്നാണ് ഇയാൾ തലശേരി ചാലിലെത്തിയത്. സംസ്‌കാരചടങ്ങുകൾക്കു ശേഷം മുൻവൈരാഗ്യമുണ്ടായിരുന്ന അയൽപക്കത്തെ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് സുനീറിനെ ആറുമാസത്തേക്ക് നാടുകടത്തിയത്.