കണ്ണൂർ: ജോലിക്കിടെ വനിതാ ജീവനക്കാരിയുടെ ഫോട്ടോ എടുത്ത സംഭവത്തിൽ എൻ ജി ഒ യൂണിയനിൽ അമർഷം പുകയുന്നു. ജില്ലാ ആശുപത്രിയിലെ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഫോട്ടോയാണ് അവിടെ തന്നെ ജോലിയുള്ള എൻ.ജി.ഒ യൂനിയൻ നേതാവായ ജീവനക്കാരൻ ഫോട്ടോയെടുത്തത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട യുവതി ഫോട്ടോ എടുത്തത് ചോദ്യം ചെയ്തുവെങ്കിലും ജീവനക്കാരിയോട് ഇയാൾ തട്ടിക്കയറുകയായിരുന്നു. ഇതേ തുടർന്ന് യുവതി എൻ ജി ഒ യൂണിയൻ നേതൃത്വത്തിനും ജില്ലാ ആശുപത്രി സുപ്രണ്ടിനും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുകയും ചെയ്തില്ലെന്നാണ് ആക്ഷേപം. ഈ നേതാവിനെതിരെ നടപടി സ്വീകരിക്കാത്തത് യൂണിയനകത്ത് ചൂടേറിയ ചർച്ചയായിട്ടുണ്ട്.

ഇയാളെ സംരക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ യൂണിയൻ നേതൃത്വം വിഷയം ചർച്ച ചെയ്യാൻ അനുരഞ്ജനയോഗം വിളിച്ചതായാണ് അറിയുന്നത്. സംഘടനയ്ക്കു നാണക്കേടായ സംഭവത്തിൽ ആരോപണവിധേയനായ നേതാവിനെകൊണ്ടു മാപ്പുപറയിപ്പിച്ചു വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്. എന്നാൽ സംഭവം സംഘടനയ്ക്കുള്ളിൽ നേരത്തെ വിവാദമായതിനാൽ ഈ വാർത്ത പുറത്തു പ്രചരിക്കുകയും പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ അറിയുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയിൽ ചർച്ചയാകാതിരിക്കുന്നതിന് മുൻപായി തന്നെ വിഷയം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.