തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 10 വരെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി രൂപപ്പെട്ടേക്കും. ഇതോടെ മഴ കനക്കുകയും ചെയ്യും. മധ്യതെക്കൻ ജില്ലകളിൽ ഈ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. 8, 9, 10 തീയതികളിൽ മധ്യകേരളത്തിൽ പലയിടങ്ങളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ കാലവർഷം വടക്കൻ ജില്ലകളിലും ശക്തമാകുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇന്നലെയും ശരാശരിക്കും മുകളിൽ മഴ ലഭിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ആലപ്പുഴ ജില്ലയിലും ഭേദപ്പെട്ട മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് (150 മില്ലിമീറ്റർ) കൂടുതൽ മഴ ലഭിച്ചത്. ആലപ്പുഴയിലെ മങ്കൊമ്പ്, പത്തനംതിട്ട കുന്നന്താനം (130), കുരുടമണ്ണിൽ (120), തിരുവല്ല (110), മാവേലിക്കര, പീരുമേട് (100) എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു.

ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ടാണ്. ന്യൂനമർദം ശക്തി പ്രാപിച്ച് തീരത്തോട് അടുക്കുന്നതോടെ കേരള തീരങ്ങളിൽ കാലവർഷക്കാറ്റ് ശക്തമായേക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല.

സെപ്റ്റംബറിലെ ആദ്യ നാലു ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയെക്കാൾ 31% കൂടുതൽ. 38.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 51 മില്ലിമീറ്റർ മഴ ലഭിച്ചു. ഓഗസ്റ്റിൽ ആകെ 60 മില്ലിമീറ്റർ മഴയാണു സംസ്ഥാനത്ത് ലഭിച്ചത്.