- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം വീടുവിട്ടിറങ്ങിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് കോടതിയിൽ; ജഡ്ജിമാരുടെ ചേംബറിനു മുൻപിൽ വെച്ച് കൈഞെരമ്പ് മുറിച്ച് കാമുകൻ: ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ്
കൊച്ചി: കാമുകനൊപ്പം വീടുവിട്ടിറങ്ങിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് കോടതിയിൽ ആഗ്രഹം പ്രകടിപ്പിച്ചതോടെ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരുടെ ചേംബറിനു മുൻപിലായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശ്ശൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ചത്.
തന്റെയൊപ്പം വീടുവിട്ടിറങ്ങിയ നിയമ വിദ്യാർത്ഥിനി മാതാപിതാക്കൾക്കൊപ്പം പോകാനാണ് ആഗ്രഹം എന്ന് കോടതിയിൽ പറഞ്ഞതോടെയായിരുന്നു യുവാവിന്റെ കടുംകൈ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു മുന്നിലായിരുന്നു സംഭവം. ബഹളം കേട്ട് പുറത്തിറങ്ങിയ സമീപ ചേംബറിലുണ്ടായിരുന്ന ജസ്റ്റിസ് മേരി ജോസഫ് കത്തി താഴെയിടണമെന്നും എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞതോടെയാണ് യുവാവ് പിന്തിരിഞ്ഞത്. തുടർന്ന് പൊലീസുകാർ ചേർന്ന് യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
തൃശ്ശൂർ സ്വദേശിനിയായ 23-കാരി വീടുവിട്ടിറങ്ങി യുവാവിനൊപ്പമായിരുന്നു താമസം. യുവതിയുടെ പിതാവാണ് മകളെ കാണാനില്ലെന്നു കാട്ടി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ഇതുപ്രകാരം തിങ്കളാഴ്ച രാവിലെ യുവാവിനോടൊപ്പം യുവതി കോടതിയിൽ ഹാജരായപ്പോഴാണ് നാടകീയ സംഭവം. സ്വകാര്യ ലോ കോളേജിൽ രണ്ടാംവർഷ നിയമ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ച് യുവതിയോട് മാതാപിതാക്കളോട് സംസാരിക്കാനും അതിനുശേഷം തീരുമാനം എടുക്കാമെന്നും പറഞ്ഞു. തുടർന്നാണ് ഒരു മണിക്കുശേഷം ജഡ്ജിയുടെ ചേംബറിൽ ഹർജി പരിഗണിച്ചത്. അപ്പോഴാണ് മാതാപിതാക്കളോടൊപ്പം പോകാനാണ് താത്പര്യം എന്ന് യുവതി കോടതിയിൽ അറിയിച്ചത്.
യുവതിയുടെ ഐ.ഡി. കാർഡ് അടക്കമുള്ള രേഖകളടങ്ങിയ ബാഗ് പുറത്ത് വാഹനത്തിലാണെന്ന് യുവാവ് അറിയിച്ചു. അതെടുത്ത് കൈമാറാനും കോടതി നിർദേശിച്ചു. പൊലീസിനൊപ്പമെത്തിയാണ് വാഹനത്തിൽനിന്ന് ബാഗുമായി യുവാവ് ചേംബറിനു മുന്നിലേക്ക് മടങ്ങി എത്തിയത്. തുടർന്നാണ് ബാഗിൽനിന്ന് കത്തിയെടുത്ത് യുവതിയുടെ കൺമുന്നിൽ വെച്ച് കൈ മുറിച്ചത്.



