കൊച്ചി: എറണാകുളത്ത് മയക്ക് മരുന്നിനെതിരെ പൊലീസ് പരിശോധന ശക്തം. പെരുമ്പാവൂരും ആലുവയിലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ രാസലഹരി കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളടക്കം പൊലീസ് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളെ പ്രതി ചേർത്ത് പത്ത് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.

ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്‌നിഫർ ഡോഗിന്റെ സഹായത്തോടെയാണ് പൊലീസ് പരിശോധന നടത്തിയത്. ആലുവയിലും പരിസരങ്ങളിലും നിരോധിത ലഹരി ഉപയോഗം വർദ്ധിക്കുന്നതും ഇതിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ കൂടിവരുന്നതിനുമെതിരെ പരാതികൾ ശക്തമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പ്രത്യേക പരിശോധനക്ക് നിർദ്ദേശം നൽകിയത്.

പെരുമ്പാവൂരിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തത്. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. ലഹരി വസ്തുക്കൾ വിറ്റ് കിട്ടിയ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപയും പൊലീസ് കടകളിൽ നിന്ന് കണ്ടെടുത്തു. ആലുവയിൽ നിന്നാണ് രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകൾ പിടികൂടിയത്. കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി റെയ്ഡുകളും നടപടികളും തുടരുമെന്ന് പൊലീസ് അറിയിച്ചു.