- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പിന്റെ തകരാറിനെ തുടർന്ന് ലോറി വഴിയിലായി; ഡ്രൈവറും ഉടമയും തമ്മിലുള്ള തർക്കത്തിനിടെ ലോറിയിലെ ഡീസൽ ഊറ്റി വിറ്റ് പണവുമായി ഡ്രൈവർ കടന്നു
ഏറ്റുമാനൂർ: ബസ് കാത്തിരിപ്പുകാരുടെ കാഴ്ച മറയ്ക്കുന്ന വിധം ഏറ്റുമാനൂരപ്പൻ ബസ്‌ബേക്ക് മുന്നിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന ട്രക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തിരക്കുള്ള റോഡിലെ അപകടാവസ്ഥ ഒഴിവാക്കാൻ എത്രയും വേഗം വാഹനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് ഏറ്റുമാനൂർ പൗരസമിതി പ്രസിഡന്റ് യു.എൻ.തമ്പി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
ഇന്ധനം എത്തുന്ന പമ്പിന്റെ തകരാറിനെ തുടർന്നാണ് ലോറി കേടായത്. ഇതിനിടെ ലോറിയുടെ ഉടമയും, ഡ്രൈവറും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ലോറി വഴിയിൽ കുടുങ്ങിയത്. യന്ത്ര തകരാറിനെ തുടർന്ന് 13 ദിവസമായി ലോറി ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തെ ബസ് ബേയിൽ കിടക്കുകയാണ്. ഡ്രൈവറുടെ ഭാഗത്തെ വീഴ്ച മൂലമാണ് വാഹനം കേടായതെന്നും ലോറി എത്രയും വേഗം നന്നാക്കി തിരികെ എത്തിക്കണമെന്നുമാണ് ഉടമ ആവശ്യപ്പെട്ടത്.
വാഹന കമ്പനി അധികൃതർ നടത്തിയ പരിശോധനയിൽ ഇന്ധനം എത്തുന്ന പമ്പിനു തകരാറുണ്ടെന്നും ഇതു മാറ്റി വയ്ക്കണമെന്നും കണ്ടെത്തി. എന്നാൽ ഉപകരണം മാറ്റി വയ്ക്കാനുള്ള പണം ഡ്രൈവറുടെ പക്കൽ ഇല്ലായിരുന്നു. ഇതോടെ കമ്പനി അധികൃതർ മടങ്ങി പോയി. കയ്യിൽ ചെലവു കാശു പോലുമില്ലാത്ത ഡ്രൈവർ രാഹുൽ ശർമയ്ക്ക് ലോട്ടറി തൊഴിലാളികളും വ്യാപാരികളും ചേർന്നാണ് ഭക്ഷണം വാങ്ങി നൽകിയിരുന്നത്.
ഡ്രൈവറും യുപി സ്വദേശിയായ വാഹന ഉടമയും തമ്മിൽ തർക്കം രൂക്ഷമായതോടെ വാഹനത്തിലെ ഡീസൽ ഊറ്റി വിറ്റ് പണവുമായി ലോറി ഡ്രൈവർ പോയി. ഇതോടെ, ഭീമൻ ലോറി നാട്ടുകാർക്ക് ദുരിതമായി മാറുകയും ചെയ്തു. കോട്ടയത്തേക്കു റഫ്രിജറേറ്റർ കയറ്റി വന്ന ലോറിയാണിത്. സർവീസ് ബസുകൾക്ക് ബസ് ബേയിലേക്കു എത്തുന്നതിനും ലോറി തടസ്സമാകുന്നുണ്ട്. സമീപത്തെ ടിടിഐ സ്‌കൂളിന്റെ പ്രവേശന കവാടവും മറച്ചാണ് ലോറി കിടക്കുന്നത്.
സ്‌കൂളിലേക്ക് കുട്ടികളെത്തുന്നതോടെ വാഹനം സ്‌കൂൾ അധികൃതർക്കും തലവേദനയാകും. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മുൻവശമായതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. വാഹനം ഇവിടെ തുടർന്നാൽ ഗതാഗത കുരുക്കിനും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.



