തിരുവനന്തപുരം: സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനു വായ്പ എടുത്ത പണം തിരക്കി കടക്കാർ വീട്ടുമുറ്റത്തെത്തിയതോടെ അധികാരികൾക്കു കത്തു നൽകി പ്രഥമാധ്യാപകൻ. സ്‌കൂളിൽ വ്യാഴാഴ്ച മുതൽ ഉച്ചഭക്ഷണ വിതരണം നിർത്തുകയാണെന്നും അദ്ദേഹം അധികാരികൾക്കു നൽകിയ കത്തിൽ പറയുന്നു. കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽപി സ്‌കൂളിലെ പ്രഥമാധ്യാപകൻ ജെ.പി.അനീഷാണ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്കും നൂൺ മീൽ സൂപ്രണ്ടിനും കത്തുനൽകിയത്.

പച്ചക്കറിയും സാധനങ്ങളും നൽകിയവർ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതിൽ മനം മടുത്താണ് കത്തു നൽകിയത്. കത്തിൽ പറയുന്നത് ഇങ്ങനെ: 'എന്റെ സ്‌കൂളിൽ വ്യാഴാഴ്ച മുതൽ ഉച്ചഭക്ഷണ വിതരണം നിർത്തുന്നു. പ്രഥമാധ്യാപകൻ എന്ന ഒറ്റക്കാരണത്താൽ കടക്കാരെ പേടിച്ചു നാണം കെട്ടു ജീവിക്കേണ്ട അവസ്ഥയാണ് സാർ.'

കരകുളം സഹകരണ ബാങ്കിൽനിന്നു 11.50% പലിശയ്ക്കു 2 ലക്ഷം രൂപ വായ്പ എടുത്തതിന്റെ രസീതും ചേർത്തിട്ടുണ്ട്. സ്‌കൂളിൽ 607 വിദ്യാർത്ഥികളുണ്ടെന്നും ഇവർക്കുള്ള ഉച്ചഭക്ഷണം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും കത്തിലുണ്ട്. പക്ഷേ, സർക്കാരിൽ നിന്നു 3 മാസമായി തുക ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണു സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്. 150 കുട്ടികൾക്കുവരെ ദിവസം 8 രൂപ വീതവും അതിനു മുകളിൽ 500 കുട്ടികൾക്കുവരെ 7 രൂപയുമാണു സർക്കാർ സഹായം. ഒരു കുട്ടിക്ക് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ഒരു മുട്ടയ്ക്കു മാത്രം 5 രൂപ വിലയുണ്ട്. അപ്പോഴാണു സർക്കാർ ഒരു കുട്ടിക്കു പരമാവധി 8 രൂപ നൽകുന്നത്.