- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവവരന് വിദേശത്ത് പോകാൻ ഇഷ്ടമില്ല; പാസ്‌പോർട്ടും രേഖകളും കവർന്നെന്ന കള്ളക്കഥ മെനഞ്ഞ് ദമ്പതിമാർ
ആലപ്പുഴ: വിദേശത്ത് പോകാൻ ഇഷ്ടമില്ലാത്തതിനാൽ പാസ്‌പോർട്ടും രേഖകളും കവർച്ച ചെയ്യപ്പെട്ടെന്ന് കഥ മെനഞ്ഞ് ദമ്പതിമാർ. നഗരമധ്യത്തിൽ തിങ്കളാഴ്ച സന്ധ്യക്ക് 'പിടിച്ചുപറിയും മാലപൊട്ടിക്കൽ ശ്രമവും' നടന്നെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. 'തട്ടിക്കൊണ്ടു' പോയ ബാഗിൽ പാസ്‌പോർട്ടും വിദേശയാത്രയ്ക്കുള്ള മറ്റു രേഖകളുമാണെന്നായിരുന്നു 'കവർച്ചയ്ക്കിരയായ' ദമ്പതിമാരുടെ വിശദീകരണം. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കള്ളക്കഥ പൊളിഞ്ഞത്.
അടുത്തിടെ വിവാഹം കഴിഞ്ഞവരാണ് പരാതിക്കാരായ യുവാവും യുവതിയും. യുവാവിനു വ്യാഴാഴ്ച വിദേശത്തേക്കു പോകണം. അതിനു താത്പര്യമില്ലാത്തതിനാൽ മെനഞ്ഞതാണ് പാസ്‌പോർട്ട് കവർച്ചക്കഥ. എന്നാൽ പൊലീസ് അന്വേഷണത്തിൽ കള്ളം പൊളിയുകയായിരുന്നു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തണമെന്നു പറഞ്ഞ് പൊലീസ് ഇരുവരെയും വിട്ടു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ഇരുമ്പുപാലത്തിനു സമീപം തന്റെ മാലപൊട്ടിക്കാൻ ബൈക്കിൽവന്ന രണ്ടുപേർ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
ഭർത്താവുമൊത്തു സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം. തങ്ങളുടെ സ്‌കൂട്ടറിനു കുറുകെ ബൈക്ക് നിർത്തിയ, മുഖാവരണവും ഹെൽമെറ്റും ധരിച്ചവരാണ് 'കവർച്ചക്കാർ' എന്നും പറഞ്ഞു. മാലപൊട്ടിക്കാൻ ശ്രമിച്ചയാളെ തന്റെ ബാഗ് ഉപയോഗിച്ച് അടിച്ചു. ഇതിനിടെ ബാഗ് തട്ടിയെടുത്ത് ബൈക്കുകാർ കടന്നെന്നുമാണ് യുവതി പൊലീസിനോടു വിശദീകരിച്ചത്.
എന്നാൽ പ്രദേശത്തെ എട്ടു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച സൗത്ത് പൊലീസ് സംഘത്തിന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇവയിൽ ഈ ദമ്പതിമാർ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങളുണ്ടെങ്കിലും 'കവർച്ചക്കാരെ' കാണാനായില്ല. നഗരമധ്യത്തിലെ ആൾത്തിരക്കുള്ള സ്ഥലത്ത് നടന്നെന്നു പറയുന്ന സംഭവം വേറെയാരും കണ്ടിട്ടുമില്ല. സംശയം തോന്നിയ പൊലീസ്, ദമ്പതിമാരോട് സ്വരം കുറച്ച് കടുപ്പിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് കഥയുടെ കെട്ടഴിഞ്ഞത്.



