കൊല്ലം: അഞ്ചലിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് വീടിനുള്ളിൽ കയറി തൂങ്ങിമരിച്ചു. അഞ്ചൽ കരുകോണിലെ ബിസ്മി മൻസിൽ ഷാജഹാൻ (65) ആണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അനീസയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ഇതിനിടെ ഷാജഹാൻ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. അനീസ വെട്ടേറ്റു രക്തം വാർന്ന് കിടക്കുമ്പോൾ ഷാജഹാൻ കിടപ്പുമുറിയിൽ കയറി ഫാനിൽ തൂങ്ങുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന അനീസയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

വീടിനുള്ളിൽ കയറി കതകടച്ച ഷാജഹാൻ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. മരുമകൾ ജോലിക്കും പേരക്കുട്ടികൾ സ്‌കൂളിലും പോയ സമയത്തായിരുന്നു സംഭവം നടന്നത്.