- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂക്കം കിട്ടാൻ മെഴുകു നിറച്ച ആഭരണങ്ങൾ; സ്വർണ പണയത്തിലൂടെ തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ; തട്ടിപ്പു തിരിച്ചറിയുന്നത് കാലാവധി കഴിഞ്ഞിട്ടും സ്വർണം തിരിച്ചെടുക്കാതെ വരുമ്പോൾ നടത്തുന്ന പരിശോധനയിൽ
കണ്ണൂർ: മെഴുകു നിറച്ച ആഭരണങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. തൂക്കിയാലും മെഷീൻ വച്ചാലും പത്തരമാറ്റ് സ്വർണം എന്ന് തന്നെ കാണിക്കും. അതുകൊണ്ട് തന്നെ വാക്‌സ് സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പു സംഘം കേരളത്തിൽ വ്യാപകമാകുകയാണ്. കണ്ടാൽ അസ്സൽ സ്വർണം തന്നെ. എന്നാൽ തൂക്കം കിട്ടാൻ ഉള്ളിൽ നിറയ്ക്കുന്നത് മെഴുക് (വാക്‌സ്). ഫൊറൻസിക് ലാബുകളിലെ പരിശോധനയിലാണ് ഇത്തരം സ്വർണം കണ്ടെത്തിയത്.
നാലും അഞ്ചും പവൻ തൂക്കം വരുന്ന സ്വർണം പണയം വെച്ച് പണവുമായി കടക്കും. എന്നാൽ എടുക്കാൻ വരാതാകുമ്പോൾ നടത്തുന്ന പരിശോധനയിലാവും ഉള്ളു പൊള്ളയാണെന്ന വിവരം തിരിച്ചറിയുക. ഒരാള് മൂന്നുപവന്റെ നല്ല ഡിസൈൻ മാല പണയംവച്ച് ബാങ്കിൽനിന്ന് പരമാവധി തുക വാങ്ങി. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുത്തില്ല. സംശയം പരാതിയായി. ഫൊറൻസിക് ലാബിലെ പരിശോധനയിൽ മൂന്നുപവൻ സ്വർണത്തിൽ രണ്ടുപവൻതൂക്കം മെഴുകാണെന്ന് കണ്ടെത്തി. ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് ഇപ്പോൾ പണയമിടപാട് സ്ഥാപനങ്ങളിൽ നിന്നും ലാബുകളിലെത്തുന്നത്.
ഇഷ്ടമുള്ള ഡിസൈനുകളിൽ ഇപ്പോൾ വാക്‌സ് ഗോൾഡ് ലഭിക്കുന്നുണ്ട്. 916 സ്വർണത്തിൽ തീർത്ത പകിട്ടുള്ള ഡിസൈനുകൾക്ക് അകത്ത് മെഴുക് നിറച്ചാണ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ അകം പൊള്ളയെന്ന വിവരം ആർക്കും മനസ്സലാവില്ലി. വാക്‌സ് ഗോൾഡിന് ആവശ്യക്കാരുമുണ്ട്. ഇതിനു പുറമേ തൂക്കം കൂട്ടാൻ ചെമ്പുമുതൽ മെഴുകുവരെ ഉപയോഗിച്ചുള്ള കബളിപ്പിക്കലും ഏറുന്നു.
ബാങ്കുകളിൽ അപ്രൈസർമാരും വ്യാജ സ്വർണം കണ്ടെത്താനുള്ള ഉപകരണവുമുണ്ട്. എന്നാൽ ഈ സംവിധാനമെല്ലാം വാക്‌സ് സ്വർണത്തിനുമുന്നിൽ പരാജയപ്പെടുന്നു. സംശയം തോന്നി സ്വർണത്തിന്റെ ഉരച്ച ഭാഗത്ത് നൈട്രിക് ആസിഡ് മിശ്രിതം പുരട്ടിയാലും ഇത് പിടിക്കപ്പെടില്ല. അത്രയ്ക്ക് ആസൂത്രിതമാണ് തട്ടിപ്പുകാരുടെ ശൃംഖല.
മുക്കുപണ്ടം പണയംവെക്കുന്ന രീതിയും മാറി. ബാങ്കുകളിൽനിന്ന് ഉരച്ചുനോക്കുന്ന ഭാഗത്തുമാത്രം അസ്സൽ 916 സ്വർണം ചേർക്കും. എന്നാൽ മാലയുടെ 95 ശതമാനവും മുക്കുപണ്ടമായിരിക്കും. ഉള്ളിൽ ചെമ്പ് വച്ച് മുകളിൽ സ്വർണത്തകിട് വച്ച് നിർമ്മിക്കുന്നതും ലാബുകളിലെത്തുന്നു. ഇത് കാരറ്റ് അനലൈസറിൽ ഉൾപ്പെടെ പിടിക്കാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.



