- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണവീട്ടിലെത്തി മടങ്ങുമ്പോൾ തർക്കം; ഭാര്യയുടെ അമ്മാവനെ കല്ലിനിടിച്ച് കൊന്ന് യുവാവ്: പ്രതികളായ സഹോദരങ്ങൾ കസറ്റഡിയിൽ
കാട്ടാക്കട: മരണവീട്ടിലെത്തി മടങ്ങിയ ഗൃഹനാഥനെ അടുത്ത ബന്ധുക്കൾ ക്രൂരമായി മർദിച്ചുകൊന്നു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയിൽ സംസ്‌കാരച്ചടങ്ങിന് എത്തിയ ജലജനാണ്(55) കൊല്ലപ്പെട്ടത്. സംഭവത്തിൽ അടുത്ത ബന്ധുക്കളായ സുനിൽകുമാർ, സഹോദരൻ സാബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണ വീട്ടിലെത്തി മടങ്ങിയ ജലജനുമായി ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പട്ട ജലജന്റെ സഹോദരിയുടെ മകളുടെ ഭർത്താവാണ് പ്രതിയായ സുനിൽ കുമാർ.
ഇവരുടെ അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനു ചൊവ്വാഴ്ച വൈകീട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. മരണ വീട്ടിൽ വന്ന് ജലജൻ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഓട്ടോറിക്ഷയിൽ എത്തിയ സുനിലും സാബുവും ജലജനുമായി റോഡിൽവെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് അടിപിടിയാകുകയും സഹോദരങ്ങളിൽ ഒരാൾ കല്ലെടുത്ത് ജലജന്റെ മുഖത്തുൾപ്പെടെ ഇടിക്കുകയുമായിരുന്നു എന്നാണ് വിവരം. മരണവീട്ടിൽ എത്തിയവരിൽ ആരോ ആണ് ജലജൻ ചോരവാർന്ന് റോഡിൽ കിടക്കുന്നത് കാണുന്നതും കാട്ടാക്കട പൊലീസിനെ അറിയിക്കുന്നതും.
പൊലീസെത്തിയാണ് ജലജനെ ആശുപത്രിയിൽ കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു പൊലീസെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട സുനിൽകുമാർ കാട്ടാക്കട സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാബുവിനെ കുരവറയിലെ ഭാര്യവീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ ചുമട്ടുതൊഴിലാളിയാണ് സുനിൽകുമാർ. സാബു പൂവച്ചലിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. അഞ്ചുവർഷത്തോളമായി ഇവർ തമ്മിൽ പലപ്രാവശ്യം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന സംഘർഷമാണ് ഒരു ജീവനെടുത്തത്.
പാറമുകൾ എന്ന സ്ഥലത്ത് 'ന്യൂ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ കീഴിൽ ഓൾഡ് ഏജ് ഹോം നടത്തുന്ന ജലജന്റെ വിയോഗത്തോടെ 10 അന്തേവാസികളുള്ള ഈ കേന്ദ്രത്തിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. റൂറൽ ജില്ലാ പൊലീസ് മേധാവി ശില്പ, കാട്ടാക്കട ഡിവൈ.എസ്‌പി. എൻ.ഷിബു, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. ശ്രീകാന്ത്, കാട്ടാക്കട ഇൻസ്‌പെക്ടർ ഷിബുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുത്തു.



