ചെന്നൈ: ഇന്ന് പുലർച്ചേ സേലത്തുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. മരിച്ചവരിൽ ഒരു വയസുള്ള പെൺകുഞ്ഞും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന ഒമ്നി വാൻ നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. സേലം സംഗകിരിക്ക് സമീപമാണ് അപകടമുണ്ടായത്.

വിഘ്നേഷ്(20), പ്രിയ(25), സെൽവരാജ്(55), മഞ്ജുള(21), അറുമുഖം(50), പളനിസ്വാമി(52), പാപ്പാപതി(40), സഞ്ജന(ഒന്ന്) എന്നിവരാണ് മരിച്ചത്. സേലത്ത് നിന്ന് ഈറോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ഓമ്‌നി വാൻ. വിഘ്നേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താത്കാലികമായി തടസപ്പെട്ടു.

വിവരമറിഞ്ഞ് ശങ്കരി പൊലീസ് സ്ഥലത്തെത്തി. ഒമ്നിയുടെ നിയന്ത്രണം നഷ്ടമായാതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.