താമരശേരി: കോഴിക്കോട് താമരശേരിയിൽ പൊലീസുകാരെ ലഹരിസംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. താമരശേരി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മൽ കെ.കെ.ദിപീഷ് (അമ്പട്ടൻ ദീപു30), താമരശേരി തച്ചംപൊയിൽ ഇരട്ടക്കുളങ്ങര വീട്ടിൽ റജീന (പുഷ്പ40) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട റജീന, ദിപീഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ലഹരിമരുന്നിന് അടിമയായ ഇവരെ മുൻപ് ഒൻപത് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അമ്പലമുക്ക് കരിമുണ്ടിയിൽ മൻസൂറിന്റെ വീടിനുനേരെ നടന്ന അക്രമം സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസുകാർ. പൊലീസിനു നേരെ കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടുമായിരുന്നു ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഈ കേസിൽ ഇതുവരെ 4 പേർ അറസ്റ്റിലായി. മൻസൂറിന്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചതിൽ പ്രകോപിതരായാണ് ലഹരിസംഘം ആക്രമണം അഴിച്ചുവിട്ടത്.