തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അച്ചു ഉമ്മൻ നൽകിയ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും. മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഹെൽമെറ്റ് വച്ചാണ് നന്ദകുമാർ ചോദ്യം ചെയ്യലിനെത്തിയത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതും ഹെൽമറ്റ് ധരിച്ചാണ്. നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം. നേരത്തേ പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തിരുന്നു.

സൈബർ ആക്രമണത്തിനെതിരെ പൊലീസിലും സൈബർ സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സിപിഎമ്മിന്റെ സൈബർ പോരാളികൾ വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും അച്ചു ഉമ്മൻ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പൂജപ്പുര പൊലീസ് നന്ദകുമാറിനെതിരെ കേസെടുക്കുകയായിരുന്നു.

കേസെടുത്തതിന് പിന്നാലെ സൈബർ അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാർ രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം. വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നും മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ നന്ദകുമാർ കുറിച്ചു

'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ടയുടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.' എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.

എന്നാൽ തന്റെ ഭർത്താവിന്റെ കുടുംബത്തിനെതിരെയും സൈബർ ആക്രമണമുണ്ടായെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ആശയത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. സൈബർ ആക്രമണം സ്ത്രീകൾ നേരിടുന്ന വലിയ പ്രശ്‌നമാണ്. വ്യക്തിപരമായി ആരോടും വിരോധമില്ല. നിരവധി ആക്രമണങ്ങൾ ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായി. അക്കാര്യത്തിൽ സ്വകാര്യമായി ഉമ്മൻ ചാണ്ടി വലിയ വിഷമം അനുഭവിച്ചിരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.

ഇതിനിടെ സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു.