തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ ഒരേ സ്‌കൂളിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. ഒമ്പതാം ക്ലാസുകാരായ ഒരു ആൺകുട്ടിയെയും രണ്ട് പെൺകുട്ടികളെയുമാണ് കാണാതായത്. വീട്ടുകാരുടെ പരാതിയിൽ നെടുപുഴ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടികൾ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ എത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി അന്വേഷിച്ചു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കൾ പറയുന്നു. രാത്രിയോടെ രക്ഷിതാക്കൾ നെടുപുഴ പൊലീസിൽ പരാതി നൽകി.

കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കൈയിൽ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി നൽകി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും കുട്ടികളുടെ രക്ഷിതാക്കൾക്ക് പരാതിയുണ്ട്.