- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖലാ ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടി; പഴയങ്ങാടിയിൽ യുവാവിനെതിരെ കേസ്; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടങ്ങി
കണ്ണൂർ: പൊതുമേഖലാ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു,. ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് സീനിയർ മാനേജർ വി.ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
2020- ഒക്ടോബർ ഇരുപതു മുതൽ ഈവർഷം ഫെബ്രവരി ഒന്നു വരെയുള്ള കാലഘട്ടങ്ങളിൽ പലദിവസങ്ങളിലായാണ് സ്വർണം പണയം വെച്ചത്. 330.6 ഗ്രാം സ്വർണമാണ് ബാങ്കിൽ പണയംവെച്ചത്. മാല, വള, തുടങ്ങിയവായിരുന്നു ഉരുപ്പടികൾ. ആദ്യം സ്വർണം പണയംവെച്ച സ്വർണാഭരണങ്ങളുടെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ നോട്ടീസ് അയച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തിരിച്ചെടുക്കാത്ത പണയപണ്ടങ്ങൾ ലേലം ചെയ്തു വിൽക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനുമുന്നോടിയായ റിഫാസ് പണയം വെച്ച സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്.
തുടർന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാൻ ബാങ്ക് അധികൃതർ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂൺ മാസമാണ് ഇതിനായുള്ള അനുമതി ലഭിച്ചത്. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വർണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വർണം പൂശിയ പൈപ്പ് ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്.
റിഫാസിനെ കൊണ്ടു ആഭരണം തിരിച്ചെടുക്കാനും ബാങ്കിന് ലഭിക്കേണ്ട പണം അടപ്പിക്കാനും വൺ ടൈം സെറ്റിൽമെന്റിന് അധികൃതർ ശ്രമിച്ചുവെങ്കിലും റിഫാസിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസിന്റെ പ്രവർത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയൽ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രൻ, പഴയങ്ങാടി സി. ഐ ടി. എൻ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ റിഫാസിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.




