- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതയോരങ്ങളിൽ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് മന്ത്രി എം.ബി രാജേഷ്
പാലക്കാട്: ബോട്ടിൽ ബൂത്തിന് പുറമെ പാതയോരങ്ങളിൽ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ പരിശോധന കർശനമാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രണ്ടാംഘട്ട പ്രവർത്തന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുസ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയോ സ്‌പോൺസർഷിപ്പ് വഴിയോ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കർശനമാക്കണം. വലിയതോതിൽ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, കാറ്ററിങ് സെന്ററുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂർണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളിൽ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടൻ തന്നെ വിളിച്ചു ചേർക്കണം. ചെറിയ കുടിവെള്ളക്കുപ്പികൾ, പേപ്പർ ഗ്ലാസുകൾ, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. നിരന്തര പരിശോധനയും കർശന നടപടിയും സ്വീകരിക്കണം.
വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിന് കൃത്യമായ ഇടവേളകൾ നിശ്ചയിക്കണം. കൂടുതൽ മാലിന്യം ശേഖരിക്കുന്നതോടെ എം.സി.എഫുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടി വരും. എം.സി.എഫുകൾ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. മതിയായ എണ്ണം എം.സി.എഫുകൾ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങൾ താത്ക്കാലിക എം.സി.എഫുകൾ സ്ഥാപിക്കുകയൊ എണ്ണം വർദ്ധിപ്പിക്കുകയൊ വേണം. മാലിന്യശേഖരണത്തിലും യൂസർ ഫീ ശേഖരണത്തിലും പിന്നിൽ നിൽക്കുന്ന പഞ്ചായത്തുകളിൽ ഐ.വി.ഒ(ഇന്റേണൽ വിജിലൻസ് ഓഫീസർ)മാർക്ക് ചുമതല നൽകണം. ഇവർ പ്രവർത്തന പുരോഗതി റിപ്പോർട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടർക്ക് എല്ലാ ആഴ്ചയും സമർപ്പിക്കണം. വീട്ടുനികുതിയോടൊപ്പം യൂസർ ഫീ പിരിക്കാൻ സർക്കാർ ഉത്തരവുള്ളതിനാൽ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാൻ ശ്രമം വേണം. മാലിന്യശേഖരണത്തിന് കലണ്ടർ തയ്യാറാക്കി കൃത്യമായ ഇടവേളകളിൽ ഹരിതകർമ്മസേന മാലിന്യം ശേഖരിക്കണം.
മാലിന്യം തള്ളുന്നവർക്കെതിരെ രാത്രിയും പുലർച്ചെയും ഉൾപ്പെടെ വാഹനപരിശോധന നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണം. വലിച്ചെറിയൽ തടയുന്നതിനായി വ്യാപകമായി ക്യാമറകൾ സ്ഥാപിക്കണം.
സർക്കാർ ഓഫീസുകളിൽ തരം തിരിച്ചുള്ള മാലിന്യസംസ്‌കരണവും ഗ്രീൻ പ്രോട്ടോക്കോൾ പാലനവും സെപ്റ്റംബർ 20നകം നടപ്പാക്കണം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി ആവശ്യമെങ്കിൽ നടപടി എടുക്കമെന്ന് മന്ത്രി നിർദേശിച്ചു. സബ് കലക്ടർ, അസി. കലക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി നിരന്തരം പരിശോധന നടത്തണം. അജൈവമാലിന്യം ഹരിതകർമ സേനക്ക് കൈമാറണം. ജില്ലാ ഓഫീസർമാർ അതത് ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ ഓഫീസുകളിലും ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കണം. മാലിന്യമുക്ത നവകേരളം പ്രവർത്തന അവലോകനം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും നടത്താനും മന്ത്രി നിർദേശിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, അസി. കലക്ടർ ഒ.വി. ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ.കെ ശ്രീലത, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു.



