തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ ആക്രമണത്തിന് മുതിർന്ന് കാട്ടാനയായ കബാലി. ഇന്നലെ വൈകീട്ട് മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു പോകുകയായിരുന്ന ബസിനുനേരെയാണ് ആക്രമണശ്രമമുണ്ടായത്. ആനക്കയം പാലത്തിനു സമീപത്തുവച്ചാണ് കബാലിയുടെ ആക്രമണശ്രമം.

ഒരു മണിക്കൂറോളം ബസിനുമുൻപിൽ മാർഗതടസം സൃഷ്ടിച്ചു നിലയുറപ്പിച്ച കബാലി ബസിനുനേരെ നിരവധി തവണ പാഞ്ഞടുത്തതു യാത്രക്കാരിൽ ഭീതിയുളവാക്കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വനപാലകർ ആനയെ ഒച്ചവച്ചു കാട്ടിലേക്ക് തുരത്തുകയായിരുന്നു. കഴിഞ്ഞ മാസം ആറിനും കെ.എസ്.ആർ.ടി.സി അടക്കം നിരവധി വാഹനങ്ങളെ കബാലി തടഞ്ഞിരുന്നു.

മാസങ്ങൾക്കു മുൻപ് മദപ്പാടിലായിരുന്ന കബാലി മലക്കപ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കുനേരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് ഈ റൂട്ടിൽ സ്വകാര്യവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് കബാലി മേഖലയിൽനിന്നു മാറിയ ശേഷമാണ് റൂട്ടിൽ സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയത്.