കൊച്ചി: സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത പരാജിതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നോക്ക വികസന കോർപറേഷനിൽ കേരള കോൺഗ്രസ് ബി പ്രതിനിധിയെ മാറ്റി സിപിഎമ്മുകാരനെ നിയമിച്ചത് താനോ പാർട്ടിയോ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൊതുഭരണ വകുപ്പിന് കീഴിലുള്ള കോർപറേഷനിലെ ചെയർമാനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും മാറ്റിയത് അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഭരണം നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരാണ് കേരളം ഭരിക്കുന്നത്? ആർക്കാണ് മുഖ്യമന്ത്രി ഭരണം വിട്ടുകൊടുത്തിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.