- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റിന്റെ ബാക്കി പണം നൽകാതെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ; വീട്ടിലെത്താൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ
നെടുമങ്ങാട്: കെഎസ്ആർടിസി ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് കണ്ടക്ടർ ടിക്കറ്റിന്റെ ബാക്കി പണം നൽകിയില്ല. കയ്യിൽ പണമില്ലാതെ വന്നതോടെ വീട്ടിലെത്താൻ പെൺകുട്ടി നടന്നത് 12 കിലോമീറ്റർ ദൂരം. ആട്ടുകാൽ സ്വദേശിയായ അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണു ദുരവസ്ഥയുണ്ടായത്. 100 രൂപ നൽകിയാണ് അനശ്വര കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുത്തത്. 18 രൂപയുടെ ടിക്കറ്റിന്റെ ബാക്കി പണം കണ്ടക്ടർ നൽകാൻതയ്യാറായില്ല. ബാക്കി ചോദിച്ചപ്പോൾ കണ്ടക്ടർ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറയുന്നു.
നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സാധാരണ സ്‌കൂൾ ബസിൽ പോകുന്ന കുട്ടി ട്യൂഷൻ ഉള്ളതു കൊണ്ട് സ്‌കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് നെടുമങ്ങാട്ടേക്കു വന്നത്. ഏരുമല നെടുമങ്ങാട് ബസിൽ രാവിലെ 6.40ന് ആട്ടുകാലിൽ നിന്നു കയറി. പതിനെട്ട് രൂപ ടിക്കറ്റിന് 100 രൂപ നൽകിയെങ്കിലും ബാക്കി തുക ലഭിച്ചില്ലത്രെ.
ഇറങ്ങുന്ന സമയത്തു ചോദിച്ചെങ്കിലും ബാക്കി നൽകാൻ കണ്ടക്ടർ തയാറായില്ല. മാത്രമല്ല പരിഹസിച്ചു വിട്ടതായും കുട്ടിയുടെ പിതാവ് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 100 രൂപ കൊടുത്തപ്പോൾ ബാക്കി നൽകാൻ ചില്ലറയില്ലെന്നും എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനും കണ്ടക്ടർ പറഞ്ഞതായും പരാതിയിൽ ഉണ്ട്. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലൻസ് ചോദിച്ചപ്പോൾ ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടർ ദേഷ്യപ്പെട്ടുവെന്നും കുട്ടി പറയുന്നു.
പിന്നീടു കുട്ടിക്കു 12 കിലോമീറ്റർ വീട്ടിലേക്കു നടക്കേണ്ടി വന്നെന്നു പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ കണ്ടക്ടർ ബാക്കി തുക ഡിപ്പോയിൽ അടച്ചു. പരാതിയെ തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും കണ്ടക്ടർ പരാതിക്കാരോടു മാപ്പു പറയുകയും ചെയ്തതിനെ തുടർന്നു കുട്ടിയുടെ രക്ഷാകർത്താവ് കേസ് വേണ്ടെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.



