- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വൻ രാസലഹരി മരുന്നു വേട്ട; എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിലായി വൻ രസാലഹരിവേട്ട. വിവിധ കേസുകളിലായി എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽനിന്ന് 147 ഗ്രാമും കൊച്ചിയിൽ രണ്ടിടങ്ങളിൽനിന്നായി 65.59 ഗ്രാം എം.ഡി.എം.എ.യുമാണ് പിടിച്ചെടുത്തത്. അങ്കമാലിയിൽ കാറിൽ കൊണ്ടുവരുന്നതിനിടെയാണ് 147 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
രണ്ട് യുവാക്കളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 12.15-നാണ് ഇരുവരെയും പിടികൂടിയത്. പെരുമ്പാവൂർ ചേലാമറ്റം ചിറക്കൽ വീട്ടിൽ ജോൺ ജോയി (22), കുറുമശ്ശേരിയിൽ താമസിക്കുന്ന ചേലാമറ്റം പള്ളിയാന വീട്ടിൽ ശ്യാം (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സും അങ്കമാലി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ടുപേരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലാരിവട്ടത്ത് 58.88 ഗ്രാം എം.ഡി.എം.എ.യും ചേരാനല്ലൂരിൽ 6.71 ഗ്രാമും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. മയക്കു മരുന്നു കേസിലെ പ്രധാനിയായ കണ്ണൂർ പയ്യാറ്റം സൗഗന്ധികത്തിൽ സൗഖേഷി (31) നെ ബെംഗളുരുവിൽനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുമുണ്ട്. ഇയാൾ പാലാരിവട്ടം സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. പാലാരിവട്ടത്ത് എം.കെ.കെ. നായർ റോഡിനു സമീപം താമസിക്കുന്ന മലപ്പുറം കീഴ്പറമ്പ് പയ്യനാട്ട്തോടി മെഹറൂഫ് (36), കോഴിക്കോട് മാവൂർ പരുത്തിതൊടികയിൽ മുഹമ്മദ് റാഷിദ് (29) എന്നിവരുടെ പക്കൽനിന്ന് 54.46 ഗ്രാം എം.ഡി.എം.എ. പിടികൂടി. ക്വാറി ബിസിനസിന്റെ മറവിലാണ് മഹറൂഫ് മയക്കുമരുന്ന് കച്ചവടം നടത്തിയത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പാലാരിവട്ടം തമ്മനം ശാന്തിപുരം റോഡിലുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കൊല്ലം മയ്യനാട് വെളിയിൽ എച്ച്. സുൽഫിക്കർ (41), നോർത്ത് പറവൂർ കൂനമ്മാവ് കാനാശ്ശേരി സ്വദേശിയും പാലാരിവട്ടം ഭാഗ്യധാരാ റോഡിലെ അപ്പാർട്‌മെന്റിലെ താമസക്കാരനുമായ നോയൽ ജേക്കബ് (22) എന്നിവരെ 4.42 ഗ്രാം എം.ഡി.എം.എ. യുമായി പിടികൂടി.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വിൽപ്പന നടത്തിയ കേസിൽ ഇടയക്കുന്നം കണവുള്ളിപ്പാടം രഘുൽ (29), ഇടയക്കുന്നം ശ്രീക്കുട്ടൻ (29) എന്നിവരെ ചേരാനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. രഘുലിന്റെ വീട്ടിൽനിന്ന് 2.49 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇയാളിൽനിന്നാണ് ശ്രീക്കുട്ടനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇടയക്കുന്നം മസ്ജിദിന് സമീപമുള്ള ശ്രീക്കുട്ടന്റെ വീട്ടിൽനിന്ന് 4.22 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. വിൽപ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കൂടുകളും മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.



