- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ വഴക്കുപറഞ്ഞതിന്റെ അടുത്തദിവസം കാണാതായി; ഏഴു വർഷം മുൻപ് വീടുവിട്ടിറങ്ങിയ മകനെ കാത്ത് മാതാപിതാക്കൾ
മലയിൻകീഴ്: അച്ഛൻ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ മകനു വേണ്ടി ഏഴു വർഷമായി കാത്തിരിപ്പിലാണ് മലയൻകീഴിലുള്ള മാതാപിതാക്കൾ. മലയിൻകീഴ് കുരിയോട്ട് വാടകയ്ക്കു താമസിക്കുന്ന എൻ.സുധാകരന്റെയും സുധാകുമാരിയുടെയും ഇളയ മകൻ അഖിലിനെയാണ് ഏഴു വർഷം മുൻപ് കാണാതായത്.
നഗരത്തിലെ സ്വകാര്യ പാരലൽ കോളേജിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സംഭവം. അച്ഛൻ വഴക്കുപറഞ്ഞതിന്റെ അടുത്തദിവസം അഖിലിനെ കാണാതാവുകയായിരുന്നു. 2016 ഓഗസ്റ്റ് 21-നാണ് അഖിലിന്റെ തിരോധാനം. അന്ന് 17 വയസ്സായിരുന്നു പ്രായം. അന്നു മുതൽ അഖിലിനായുള്ള അന്വേഷണത്തിലാണ് കുടുംബം. പൊലീസും കുടുംബവും അന്വേഷിച്ചെങ്കിലം അഖിലിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
മകനെ കാണാതായതോടെ മാനസികനില തെറ്റിയനിലയിലാണ് അമ്മ സുധ. ഇപ്പോഴും അവർ ചികിത്സയിലാണ്. മകന്റെ സാന്നിധ്യമാണ് ചികിത്സയ്ക്കുള്ള മരുന്നെന്ന് ഡോക്ടർ പറയുന്നു. മകന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും അവനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് തടിപ്പണിക്കാരനായ സുധാകരൻ പൊലീസ് സ്റ്റേഷൻ മുതൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുംവരെ പരാതി അയച്ച് കാത്തിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും മിക്കസ്ഥലത്തും സ്വന്തം നിലയിൽ കുടുംബം അന്വേഷണം നടത്തി.
ഒരു വർഷം മുൻപ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ഇവരുടെ മൂത്തമകൻ അമൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുപോയി കിട്ടുന്നതാണ് കുടുംബത്തിന്റെ വരുമാനം.



