പത്തനംതിട്ട: പെൺകുട്ടികൾ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അർഹരായ പെൺകുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം കലകട്രേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുക ആയിരുന്നു കളക്ടർ. ഉള്ളിലെ കഴിവുകൾ തിരിച്ചറിയുന്നതിനും സ്വയം മനസിലാക്കുന്നതിനും പെൺകുട്ടികൾക്ക് സാധിക്കണം.

കഴിവിനെ തിരിച്ചറിയാനും ഉള്ളിൽ നിന്ന് ദിശാ ബോധം ഉയരുന്നതിനുമാണ് ഇത്തരം പ്രോത്സാഹനങ്ങൾ നൽകുന്നത്. ഉള്ളിൽ ഉള്ള പ്രതീക്ഷയുടെ സ്വരത്തെ അടിച്ചമർത്താൻ സമൂഹത്തിൽ നിയന്ത്രണങ്ങളും പരിമിതിയുമുണ്ട്. ഇവയെ മറികടന്നു ഉൾവിളിയെ കേൾക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപെടണം. അവരവരുടെ കഴിവനുസരിച്ചു സമൂഹത്തിന് നല്ല സംഭാവന നൽകാനും അവയെ അംഗീകരിക്കാൻ കഴിയുന്നതുമാണ് ശാക്തീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറിൽ നിന്ന് ക്യാഷ് അവാർഡ് വിദ്യാർത്ഥിനി തഹാമിന്ന വാങ്ങി. തുടർന്ന് വിദ്യാർത്ഥിനികളുമായി സംവാദം നടന്നു.

സ്ത്രീധനപ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടൽ നടത്തണമെന്നാണ് ആഗ്രഹമെന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ജില്ലാ കളക്ടർ പറഞ്ഞു. ഗാർഹിക പീഡനത്തിൽ സ്ത്രീധന വിഷയത്തെ ശക്തമായി കൈകാര്യം ചെയ്യനാകണം. നിയമപരമായി മാത്രമല്ല സമൂഹമെന്ന നിലയിലും തടയാൻ സാധിക്കണം. യുവാക്കളുടെ ഇടയിൽ ശക്തമായ ഇടപെടൽ കൊണ്ട് വരാൻ സാധിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം സ്‌പെഷ്യൽ ഇൻസെന്റീവ് ഫോർ ഗേൾ സ്റ്റുഡന്റ്‌സ് സെക്യൂറിങ് ഹൈ സ്‌കോർ ഇൻ സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാഷ് അവാർഡ് നൽകുന്നത്. ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അർഹരായ 89 പെൺകുട്ടികൾക്ക് 1500 രൂപ വീതം കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.