നിലമ്പൂർ: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അപസ്മാരബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. മതിയായ ചികിത്സ കിട്ടാത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ടിന് മാതാവ് പരാതി നൽകി. ചാലിയാർ ഇടിവണ്ണ പാറേക്കാട് കോളനിയിലെ ശശിയുടെയും തങ്കയുടെയും മകൻ വിനൂപ് തമ്പി (29) ആണ് മരിച്ചത്.

ഓട്ടോ ഡ്രൈവറായിരുന്ന യുവാവിന് 2017 ൽ അപകടത്തിൽ പരുക്കേറ്റിരുന്നു. പിന്നീടാണ് അപസ്മാരബാധ ഉണ്ടാകാൻ തുടങ്ങിയത്. അഞ്ചു ദിവസം മുൻപ് വീഴ്ച പറ്റിയതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ ശക്തമായ വേദന തുടങ്ങി.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 6 ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. അത്യാഹിത വിഭാഗത്തിലാണ് കാണിച്ചത്. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് മാതാവ് തങ്ക പറഞ്ഞു. വേദന കൂടുതൽ ശക്തമായി. ഏഴിന് മഞ്ചേരിയിൽ എത്തിച്ച് അഡ്‌മിറ്റ് ചെയ്തു.

ഇന്നലെ പുലർച്ചെ 5ന് കഠിനമായ പനി അനുഭവപ്പെട്ടു. ഡോക്ടറെയും നഴ്‌സുമാരെയും അറിയിച്ചെങ്കിലും 2 മണിക്കൂർ കഴിഞ്ഞാണ് പരിശോധിച്ചതെന്ന് പരാതിയിൽ പറയുന്നു. 9.30ന് മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്‌മോർട്ടം നടത്തും.