കുമളി: മൊബൈൽ ടവറിൽ നിന്നു ബാറ്ററിയും ഡീസലും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വിവിധ മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് ഗൂഡല്ലൂർ മുത്തുകോവിൽ അമ്മൻ സ്ട്രീറ്റ് സ്വദേശി സെന്തിൽകുമാർ(33) ആണ് പിടിയിലായത്. മാലപൊട്ടിക്കൽ, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

തോട്ടം തൊഴിലാളികളെ തോട്ടങ്ങളിലെത്തിക്കുന്ന ജീപ്പിലെ ഡ്രൈവറാണ് സെന്തിൽ. പകൽ സമയത്ത് ജീപ്പിൽ കറങ്ങിനടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം രാത്രി മോഷ്ടിക്കുന്നതാണ് രീതി. കുമളി സ്പ്രിങ്വാലിയിലെ മൊബൈൽ ടവറിൽ നിന്നു വെള്ളിയാഴ്ച ബാറ്ററിയും ഡീസലും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് കടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ടവറിലെ നിരീക്ഷണ ക്യാമറ തിരിച്ചുവയ്ക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ട കമ്പനി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. 2014 മുതൽ തുടർച്ചയായി മോഷണങ്ങൾ നടത്തുന്നുണ്ടെന്ന് ഇയാൾ മൊഴി നൽകി.

പ്രതിയുടെ പേരിൽ കുമളി, വണ്ടന്മേട്, ഉപ്പുതറ, വണ്ടിപ്പെരിയാർ, കമ്പംമെട്ട്, കട്ടപ്പന എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലായി മാലപൊട്ടിക്കൽ, ബൈക്ക് മോഷണം തുടങ്ങി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി,എസ്‌ഐ പി.കെ.ബൈജു, കെ.എക്സ്. ഷിബു, എഎസ്‌ഐമാരായ ജാഫർ സാദിഖ്, സിപിഒമാരായ സി.കെ.സിബി, പി.എസ്.ശ്രീനാദ്, സനൽ, വിശാഖ്, പ്രശാന്ത്, അനു അയ്യപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.