പാലക്കാട്: ഒരുമിച്ചുജിവിക്കാൻവേണ്ടി ആരോരുമറിയാതെ പത്തുവർഷം കുടുസു മുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിത ദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിന് മൂന്നു മാസം പിന്നിട്ടു. റിസ്‌വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് ഇരുവരും.

തന്റെ പതിനെട്ടാം വയസ്സിൽ 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായ സജിത വീടുവിട്ടിറങ്ങിയത്. വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽ റഹ്‌മാൻ പത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു. വീട്ടിലുള്ളവർ പോലും ആ കുഞ്ഞു മുറിയിൽ സജിതയുണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ല. 2021 മാർച്ചിൽ ഇവർ ആരോരുമറിയാതെ വിത്തനശ്ശേരിക്കുസമീപം വാടകവീട്ടിലേക്കുമാറി. ഇതേത്തുടർന്ന്, വീട്ടുകാർ റഹ്‌മാനെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകി.

ഇതിനിടെ, റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ചു കാണുകയും പൊലീസിൽ വിവരമറിയിക്കുകയുംചെയ്തു. തുടർന്നുനടന്ന അന്വേഷണത്തിലാണ് പ്രണയസാഫല്യത്തിനായുള്ള പതിറ്റാണ്ടിന്റെ ഒളിവുജീവിതചരിത്രം പുറംലോകമറിഞ്ഞത്. 2021 ഓഗസ്റ്റിലായിരുന്നു ഇത്. സജിതയെ കാണാനില്ലെന്ന് 2010-ൽത്തന്നെ അവരുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

2021 സെപ്റ്റംബർ 15-ന് നിയമപരമായി വിവാഹം രജിസ്റ്റർചെയ്തശേഷം രണ്ടുവർഷമായി വാടകയ്ക്കാണ് ഇവർ താമസിച്ചുവരുന്നത്. ഗർഭകാലത്തിന്റെ അവസാനസമയത്ത് സജിതയുടെ വീട്ടിലായിരുന്നു. വിവിധ പള്ളികളിലും അമ്പലങ്ങളിലും പോയി പ്രാർത്ഥന നടത്തി കുഞ്ഞിന്റെ 90-ാം ദിവസം ആഘോഷിച്ചു.

ഇരുവരുടേയും പ്രണയകഥ അറിഞ്ഞഅ റഹ്‌മാനെയും സജിതയെയും തേടി വനിതാകമ്മിഷനും മനുഷ്യാവകാശക്കമ്മിഷനും ഉൾപ്പെടെ അയിലൂരിലെത്തിയിരുന്നു. സജിതയെ ഒളിപ്പിച്ചതിന് റഹ്‌മാനെതിരേ പൊലീസ് കേസെടുത്തിരുന്നു. സർക്കാർ പിന്നീട് കേസ് ഒഴിവാക്കി. ദമ്പതിമാർക്ക് തുടർജീവിതത്തിന് എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് വനിതാകമ്മിഷൻ വാഗ്ദാനവുംചെയ്തു. പക്ഷേ, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല.

സ്വന്തം ശ്രമത്തിൽ റേഷൻകാർഡ് ലഭിച്ചു. ഓഫീസുകൾ കയറിയിറങ്ങി റേഷൻകാർഡ് അടുത്തിടെ ബി.പി.എൽ. വിഭാഗത്തിലുമാക്കി. സ്വന്തമായി വീടെന്ന സ്വപ്നസാക്ഷാത്കാരത്തിനായി ലൈഫ്മിഷൻ പദ്ധതിയിൽ ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.