- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിക്കൂടിന് മുകളിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന; കാവലിന് പിറ്റ് ബുൾ നായയും: തന്ത്രപരമായി പിടികൂടി എക്‌സൈസ്
തൃശൂർ: പട്ടിക്കൂടിന് മുകളിൽ ഒളിപ്പിച്ച് മാരക ലഹരിമരുന്നുകൾ വിറ്റിരുന്ന വീട്ടിൽ നിന്നും 18 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടികൂടി. 'പിറ്റ്ബുൾ' ഇനത്തിൽപ്പെട്ട വിദേശയിനം വേട്ടനായയുടെ കൂടിനു മുകളിൽ ഒളിപ്പിച്ചിരുന്ന മയക്കു മരുന്നാണ് പൊലീസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പിടികൂടിയത്. ഒളരി ശിവരാമപുരം സ്വദേശി ഷൈനോ റാൻസിന്റെ വീട്ടിലെ പട്ടിക്കൂടിനു മുകളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇയാൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഷൈനോ റാൻസിനു ലഹരിമരുന്ന് ഇടപാടുകളുണ്ടെന്നും രാത്രികാലങ്ങളിൽ യുവാക്കൾ ഇവിടെയെത്തി ലഹരിമരുന്നു വാങ്ങുന്നുണ്ടെന്നും എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രമകാരയായ പിറ്റ്ബുൾ നായയുടെ കാവലിലാണു പ്രതിയുടെ ഇടപാടുകളെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. നായയുടെ കൂട്ടിലാകാം ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുക എന്ന സൂചന ലഭിച്ചതോടെ റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൽ അഷറഫും സംഘവും നിരീക്ഷണം ശക്തമാക്കി.
നായ കൂട്ടിലുള്ളപ്പോൾ പരിശോധന നടത്തുന്നതു അപകടകരമാകാം എന്നതിരിച്ചറിവിലായിരുന്നു ഇടപാട്. എന്ാൽ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഏറെനേരം വീടിനു പുറത്തു മറഞ്ഞുനിന്നു. നായയെ കുളിപ്പിക്കാൻ കൂട്ടിൽ നിന്നിറക്കിയതിനു പിന്നാലെയാണു കൂടു പരിശോധിച്ചതും ലഹരിമരുന്നു കണ്ടെത്തിയതും. ലഹരിമരുന്നുപയോഗിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ മേഖലയിൽ കറങ്ങുന്നതായി നാട്ടുകാരും എക്‌സൈസിനെ അറിയിച്ചിരുന്നു.
പ്രതിയുടെ സഹോദരൻ മുൻപു ലഹരിക്കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്നു ലഹരിമരുന്നു വാങ്ങുന്നവരടക്കം എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. അസി. ഇൻസ്‌പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ജി. മോഹനൻ, പി.ബി. അരുൺകുമാർ, എൻ.യു. ശിവൻ, സി.എൻ. അരുണ, വി.ബി. ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെട്ടു.



