കുമരകം: വായ്പാ തുക തിരിച്ചടച്ചിട്ടും, ഭിന്നശേഷിക്കാരിയായ യുവതിയെ കേരള ബാങ്ക് കേസിൽപെടുത്തി ജയിലിൽ അടച്ചതായി പരാതി. അയ്മനം വരമ്പിനകം മാഞ്ചിറ എം.എസ്.സീനാമോൾക്കാണ് (41) ചെക്ക് കേസിൽ ഒരു ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. 2006ൽ മൂന്നു പേർ ചേർന്ന് പരസ്പര ജാമ്യത്തിൽ എടുത്ത 50,000 രൂപയുടെ വായ്പ രണ്ടു വർഷം മുൻപ് തിരിച്ചടച്ചെന്ന് സീനാമോൾ പറയുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കഴിഞ്ഞമാസം 16ന് അറസ്റ്റ് വാറന്റ് ലഭിച്ചു. അമ്മ ഓമനയോടൊപ്പം സ്റ്റേഷനിലെത്തിയ സീനയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക ആയിരുന്നു. പിറ്റേന്ന് ബന്ധുക്കൾ പണം സ്വരൂപിച്ച് തുക കോടതിയിൽ കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ സംഭവത്തോടെ മാനസികമായി തകർന്ന സീനാമോൾ ഇപ്പോൾ വീടിനു വെളിയിൽ പോലും ഇറങ്ങാറില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കവണാറ്റിൻകരയിൽ എസ്ടിഡി ബൂത്ത് തുടങ്ങുന്നതിനായി അന്നത്തെ ജില്ലാ ബാങ്ക് കുമരകം ശാഖയിൽ നിന്നാണ് സീനാമോൾ വായ്പയെടുത്തത്. വായ്പ കുടിശികയായെങ്കിലും ബാക്കി തുക 2020 ഡിസംബറിൽ അടച്ചു. ചെക്ക് കേസ് നിലവിൽ വന്നതിനു ശേഷാണ് തുക തിരിച്ചടച്ചതെന്നും ഈ വിവരം സീനാമോൾ സ്വന്തം അഭിഭാഷകനെ അറിയിക്കാതെ വന്നതാണു പ്രശ്‌നത്തിനു കാരണമെന്നും കേരള ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം സീനാമോളുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു.

അച്ഛൻ സോമനും രോഗബാധിതനാണ്. കുടിശിക അടച്ച വിവരം കേരള ബാങ്ക് അധികൃതർ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും സീനാമോൾ പരാതി നൽകി. 80 ശതമാനം കാഴ്ചപരിമിതിയുള്ള സീനാമോൾ അവിവാഹിതയാണ്. ഹൃദയസംബന്ധമായ അസുഖവുമുണ്ട്.