- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പാട് ബീച്ചിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു; പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തിൽ കഴിയവെ
കോഴിക്കോട്: കോഴിക്കോട് കാപ്പാട് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരിക്കായി തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കുതിരയാണ് ചത്തത്. രണ്ടാഴ്ച മുമ്പാണ് കുതിരയ്ക്ക് നായയുടെ കടിയേറ്റത്. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പേവിഷബാധ സംശയിച്ചിരുന്നു. കുതിരയുടെ തലച്ചോറിൽ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയക്കും. അടുത്ത് ഇടപഴകിയവരോടും ഉടമസ്ഥനോടും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിരുന്നു.
കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്കാണ് പേവിഷബാധയെന്ന് കഴിഞ്ഞ ദിവസം സംശയമുയർന്നത്. നായ കടിച്ചതിനെ തുടർന്ന് കുതിരയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്.
അവശനിലയിലായിരുന്ന കുതിര ആഹാരമൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു കുതിര. കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ മാസം 19-നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടർന്ന് അഞ്ചുഡോസ് വാക്സിൽ നൽകിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളിൽ സവാരി നടത്തിയിരുന്നു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചത്തത്.
പ്രാരംഭ നിഗമനത്തിൽ കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകൾക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവർ, ഉടമസ്ഥർ ഉൾപ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടർനടപടികൾ കൈക്കൊള്ളണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.
കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതർ അറിയിച്ചു. കുതിരയെ കടിച്ച നായ പ്രദേശത്തെ പശുവിനേയും കടിച്ചിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസംവരെ കുതിര.




