വർക്കല: ഗൂഗിൾ മാപ്പ് നോക്കി എത്തിയ കാർ വഴിതെറ്റി നടപ്പാതയിലൂടെ ഇടിച്ചിറങ്ങി. പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങിയ കാർ ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്. വർക്കല ഹെലിപ്പാഡിൽ പുലർച്ചെ ഗൂഗിൾ മാപ്പ് നോക്കിയെത്തിയ യുവാക്കളുടെ കാറാണ് വഴി തെറ്റി അപകടത്തിൽപ്പെട്ടത്. പ്രകൃതി ചികിത്സാകേന്ദ്രത്തിനു സമീപത്തെ നടപ്പാതയിലാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയാണ് തങ്ങൾ വന്നതെന്ന് യുവാക്കൾ പറഞ്ഞു.

പടിക്കെട്ട് ശ്രദ്ധയിൽപ്പെട്ട് പെട്ടെന്ന് നിർത്താൻ ശ്രമിച്ചെങ്കിലും കാർ പടികളിലേക്ക് ഇറങ്ങിയാണ് നിന്നത്. രാത്രിയിൽ പാതയിൽ മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ ഇല്ലാതിരുന്നതും അപകടത്തിനു കാരണമായെന്ന് ഇവർ പറഞ്ഞു.

തടിയും കല്ലുകളും ഉപയോഗിച്ച് കാർ മുകളിലേക്കു കയറ്റാൻ യുവാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. ക്രെയിൻ എത്തിച്ചാണ് കാർ മാറ്റിയത്.