കൊടുങ്ങല്ലൂർ: വീടിന്റെ മുകളിൽനിന്ന് കാൽ വഴുതി താഴേക്കു വീണ് 14 വയസ്സുകാരൻ മരിച്ചു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബന്ധുവിന്റെ വീടിന്റെ മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം. എറിയാട് പഞ്ചായത്തിലെ ഐ.എച്ച്.ആർ.ഡി. കോളേജിന് സമീപത്ത് താമസിക്കുന്ന ചീരേപറമ്പിൽ പ്രതാപന്റെയും ബിന്ദുവിന്റെയും ഏക മകൻ അഭിനവ് ആണ് മരിച്ചത്. എറിയാട് കേരളവർമ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. തറവാട് വീടിന്റെ സമീപത്തായി പിതൃസഹോദരന്റെ വീട് പണി നടക്കുന്ന സ്ഥലത്തേക്ക് ബന്ധുവായ മറ്റൊരു കുട്ടിയുമൊത്ത് പോയതായിരുന്നു. പണി നടക്കുന്ന വീടിന്റെ രണ്ടാംനിലയിൽ കയറിയ ഇവർ താഴേക്ക് ഇറങ്ങുന്നതിനിടയിൽ അഭിനവ് കാൽ വഴുതി കോണിപ്പടികൾക്കിടയിലൂടെ താഴെക്ക് വീഴുകയായിരുന്നു.