കോഴിക്കോട്: യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന പരാതിയിൽ നടക്കാവ് സ്റ്റേഷനിലെ എസ്‌ഐ. വിനോദ്കുമാറിനെ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളുണ്ടാകും. ശനിയാഴ്ച അർധരാത്രി കൊളത്തൂരിൽവച്ചാണ് കേസിനാസ്പദമായ സംഭവം.

യുവതിയും കുടുംബവും ബന്ധുവീട്ടിൽ പോയി മടങ്ങും വഴി എതിർദിശയിൽനിന്ന് വന്ന വാഹനത്തിലുള്ളവരുമായി സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഈ വാഹനത്തിലുണ്ടായിരുന്നവരാണ് എസ്‌ഐ. വിനോദ്കുമാറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ബൈക്കിൽ സഹോദരനൊപ്പം സ്ഥലത്തെത്തിയ വിനോദ്കുമാർ യുവതിയെയും കുടുംബാംഗങ്ങളെയും കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കി മർദിച്ചെന്നാണ് പരാതി.

മദ്യലഹരിയിൽ സ്ഥലത്തെത്തിയ എസ്‌ഐ. യുവതിയെ ചവിട്ടിയെന്നും കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് ആരോപണം. എസ്‌ഐ.യുടെ ഒപ്പംവന്നയാൾ യുവതിയെ കയറിപ്പിടിച്ചെന്നും ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും 11 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റതായും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, യുവതിയുടെ ഭർത്താവ് തന്നെയും സുഹൃത്ത് അനന്തുവിനെയും മർദിച്ചെന്നുകാണിച്ച് എതിർദിശയിൽനിന്ന് വന്ന കാറിൽ സഞ്ചരിച്ച കൊളത്തൂർ സ്വദേശി വിഷ്ണു കാക്കൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.