കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.55-ഓടെയാണ് കെ. സുധാകരൻ കൊച്ചി ഇ.ഡി. ഓഫീസിലെത്തിയത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി. ജനറൽ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവർ സുധാകരനൊപ്പമുണ്ടായിരുന്നു.

ഓഗസ്റ്റ് 30-ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡി.ക്ക് കത്ത് നൽകിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോൾ സുധാകരൻ ഒൻപത് മണിക്കൂറാണ് ഇ.ഡി.ക്ക് മുന്നിലിരുന്നത്. താൻ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ല. ഇനി ഉണ്ടാകാനും സാധ്യതയില്ലെന്നം അദ്ദേഹം പറഞ്ഞു.

'മൊയ്തീൻ അവിടെ ഇരുന്നോട്ടെ. അവർ വരാൻ പറഞ്ഞിട്ട് വന്നതാണെന്ന് മൊയ്തീൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ. നമ്മൾ തമ്മിൽ കാണില്ല, രണ്ടും രണ്ട് മുറിയിലാണ്, രണ്ടു കേസാണ്', കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എംഎ‍ൽഎ. ഇ.ഡിക്ക് മുന്നിൽ ഹാജരായത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കെ. സുധാകരൻ പ്രതികരിച്ചു.