കോഴിക്കോട്: വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി പ്രീ-മാരിറ്റൽ കൗൺസിലിങ് നൽകുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

പ്രീ-മാരിറ്റൽ കൗൺസിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിഗണനാർഹമായ കാര്യമാണെന്നും കമ്മിഷൻ ആക്ടിങ് ചെയർപഴ്‌സൻ കെ. ബൈജുനാഥ് പറഞ്ഞു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വിവാഹ ബന്ധങ്ങൾ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളിലെ വ്യവഹാരങ്ങൾ വർദ്ധിക്കുന്നതും കൂടുതൽ കുടുംബകോടതികൾക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി.