- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സർക്കാർ; ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ പ്രായപരിധി 27 വയസ്സാക്കി
തിരുവനന്തപുരം: ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്.
ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, റോഡ് സുരക്ഷാ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. റോഡ് സുരക്ഷാ വർഷാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയർന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് അതിന്റെ ഗുണഫലം അനുഭവിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഈ മാതൃക പഠിക്കാൻ ഇതിനകം നാല് സംസ്ഥാനങ്ങളാണ് വന്നതെന്നും പി രാജീവ് പറഞ്ഞു. നല്ലൊരു റോഡ് സംസ്‌കാരം വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ജീവിതകാലം മുഴുവൻ റോഡ് സുരക്ഷാ സന്ദേശങ്ങൾ മുതൽക്കൂട്ട് ആകും. റോഡ് സുരക്ഷാ നിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഉപകാരം ചെയ്യുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളിൽ മരിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് അഞ്ച് വരെയെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗത മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിട്ടു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചത്...




