- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺപിലാവിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു; പ്രായാധിക്യമെന്ന് പ്രാഥമിക നിഗമനം
സീതത്തോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപെട്ട മൺപിലാവ് വനത്തിനോടു ചേർന്നുള്ള സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ആന ചരിഞ്ഞത്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മരങ്ങാട്ട് ബാലകൃഷ്ണൻ നായരുടെ പുരയിടത്തിൽ പിടിയാനയെ തളർന്ന് വീണ നിലയിൽ കണ്ടെത്തുന്നത്. തുമ്പിക്കൈയും പിന്നിലത്തെ കാലുകളും അനക്കുന്നുണ്ടായിരുന്നെങ്കിലും രാത്രി എട്ടരയോടെ ചരിയുകയായിരുന്നു.
ഇന്നലെ ഉച്ചമുതൽ വനത്തിനോടു ചേർന്ന പ്രദേശത്ത് കാണാമായിരുന്നെങ്കിലും വൈകുന്നേരത്തോടെ ബാലകൃഷ്ണൻ നായരുടെ പുരയിടത്തിൽ കുറെ സമയം നിലയുറപ്പിച്ച ശേഷം തളർന്ന് വീഴുകയായിരുന്നു. തണ്ണിത്തോട് വെറ്ററിനറി സർജൻ ഡോ.വിജിയുടെ നേതൃത്വത്തിൽ രാത്രി ആനയെ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ആന അവശതയിലാണെന്നറിഞ്ഞ് വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാർ,
എസ്എഫ്ഒ എം.കെ ഗോപകുമാർ, എസ്.അജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ് ശ്രീരാജ്, ജി.ബിജു, ബി.ഡാലിയ, എസ്.കൃഷ്ണപ്രിയ, ഐശ്വര്യ സൈഗാൾ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്ത് എത്തി. വനപാലകർ ജാറുകളിൽ വെള്ളം എത്തിച്ച് നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടർന്നിരുന്നു. ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. കുറെ ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ഉണ്ട്.



