- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണപക്ഷം നിരന്തരം സ്പീക്കറെ അപമാനിക്കുന്നു; അതിന്റെ കാരണം ഇപ്പോൾ പറയുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തിരിക്കുന്നത് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്പീക്കർ റൂളിങ് നൽകിയിട്ടും സ്പീക്കറെ പോലും അപമാനിക്കുന്ന തരത്തിലാണ് ഭരണകക്ഷി അംഗങ്ങൾ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തെ ചാരി സ്പീക്കറെ അപമാനിക്കുന്ന സംഭവങ്ങളും തുടർച്ചയായി ഉണ്ടാകുകയാണ്. അതിന്റെ കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. നിരന്തരമായി സ്പീക്കർ അവഹേളിതനാകുന്ന തരത്തിലുള്ള പ്രവർത്തനാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കിട്ടിയ അവസരത്തിലെല്ലാം സ്പീക്കറെ മോശക്കാരനാക്കാനാണ് ഭരണപക്ഷം ശ്രമിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയത്. പ്രതിപക്ഷ ഉപനേതാവിന്റെ വാക്കൗട്ട് പ്രസംഗം നടത്താനും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം അനുവദിച്ചില്ല. നിയമസഭ തല്ലിത്തകർത്തവർ മന്ത്രിമാരായി ഇരിക്കുന്ന സഭയിൽ അവരുടെയെല്ലാം നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ മന്ത്രിമാരുടെ സംഘമാണ്. പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്തുന്നതും സ്പീക്കറെ അവഹേളിക്കുന്നതും പ്രതിഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലാണ് ആഭ്യന്തരവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുന്നത്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഇത് അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്? വേറെ ആരൊക്കെയോ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ സംഘത്തിന്റെ കയ്യിലാണ് ആഭ്യന്തരവകുപ്പ്. ഈ സംഘമാണ് ഐ.ജി വിജയനെ സസ്പെൻഡ് ചെയ്യിപ്പിച്ചത്. ഇവരാണ് മാതൃഭൂമി സംഘത്തെ തടഞ്ഞുനിർത്തി ഐ.ജി വിജയനെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത്. മാധ്യമ പ്രവർത്തകർക്കെതിരെയും രാഷ്ട്രീയ എതിരാളികൾക്കെതിരെയും കേസെടുക്കുന്നതും ഈ സംഘമാണ്.
ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കേരളം ഭരിക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ 94 വയസുകാരൻ മുദ്രാവാക്യം വിളിക്കുമ്പോഴാണ് പൊലീസ് വായ് പൊത്തിപ്പിടിക്കുന്നതും തൊപ്പികൊണ്ട് മുഖം മറയ്ക്കുന്നതും. ഇത് അപമാനകരമാണ്. ഇടതുപക്ഷ സർക്കാരിന് ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇതൊരു തീവ്ര വലതുപക്ഷ സർക്കാരാണ്. സതിയമ്മയോടും ഗ്രോവാസുവിനോടും കാണിക്കുന്ന ആവേശം ക്രിമിനലുകളോട് കാട്ടാൻ പൊലീസ് തയാറാകുന്നില്ല. പാവങ്ങളുടെ മെക്കിട്ട് കയറുകയാണ്-സതീശൻ പറഞ്ഞു.



