തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 17 ന് വൈകുന്നേരം നടക്കും. നിലയ്ക്കലിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയ്ക്കലിൽ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ശ്രീ മഹാദേവ ഗ്യാസ് ഏജൻസി എന്നാണ് പേര് നൽകിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത്കുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, പെരുനാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിലയ്ക്കൽ വാർഡ് മെമ്പർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോർഡ് സ്വന്തമായി ഗ്യാസ് ഏജൻസി ആരംഭിക്കുന്നത്.