കൊച്ചി: മൊബൈലിൽ അശ്ലീല ചിത്രങ്ങളോ വീഡിയോയോ ഒരു വ്യക്തി സ്വകാര്യമായി കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു. എന്നാൽ, ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്താൽ കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.

മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിയായ യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.

2016 ജൂലൈ 11 നു രാത്രി 8.40ന് ആലുവ പാലസിനു സമീപം റോഡരികിൽ നിന്ന ഹർജിക്കാരൻ മൊബൈലിൽ അശ്ലീല വിഡിയോ കണ്ടെന്ന പേരിൽ അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

അശ്ലീല സാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ടെന്നു പറഞ്ഞ കോടതി പുതിയ ഡിജിറ്റൽ യുഗം ഇവ കുട്ടികളുടെയും മുതിർന്നവരുടെയും വിരൽത്തുമ്പിലെത്തുന്ന സ്ഥിതിയാക്കിയെന്നു ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാതെ സ്വകാര്യതയിൽ ഒരാൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റമാണെന്നു കോടതിക്ക് പ്രഖ്യാപിക്കാനാവില്ല; അത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും കോടതി പറഞ്ഞു

'കുട്ടികൾക്ക് നിയന്ത്രണമില്ലാതെ മൊബൈൽ നൽകേണ്ട'
അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെങ്കിലും കുട്ടികൾ ഇത്തരം ദൃശ്യങ്ങൾ കാണുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഹൈക്കോടതി പറഞ്ഞു. കുട്ടികളെ സന്തോഷിപ്പിക്കാൻ മാതാപിതാക്കൾ അവർക്ക് മൊബൈൽ ഫോൺ നൽകും. ഇതിന്റെ അപകടം മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികൾക്ക് ഫോൺ നൽകി അവരുടെ വഴിക്കു വിട്ടശേഷം രക്ഷിതാക്കൾ തങ്ങളുടെ ജോലിയിലേക്ക് തിരിയും. യാതൊരു മേൽനോട്ടവുമില്ലാതെ ഇത്തരത്തിൽ കുട്ടികൾ ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത് ഹൈക്കോടതി പറഞ്ഞു.