- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഡ് അക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന 79കാരൻ മരിച്ചു; അയൽവാസി അറസ്റ്റിൽ
ചാരുംമൂട്: ആസിഡ് അക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന നൂറനാട് ഉളവുക്കാട് ആനക്കിനാൽ രാമൻ (79) മരിച്ചു. സംഭവത്തിൽ രാമന്റെ അയൽവാസി ഉളവുക്കാട് ആനക്കിനാൽ തെക്ക് സുകുമാരനെ (75) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുൻപാണ് രാമന്റെ ദേഹത്ത് സുകുമാരൻ ആസിഡ് ഒഴിച്ചത്.
പൊള്ളലേറ്റ രാമൻ 3 ദിവസം വീട്ടിൽത്തന്നെ കഴിഞ്ഞെങ്കിലും സ്ഥിതി ഗുരുതരമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസയിൽ കഴിയവേ വെള്ളിയാഴ്ച മരണം സംഭവിക്കുക ആയിരുന്നു
തളർന്നു കിടപ്പിലായ രാമനും ഭാര്യ കുട്ടിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കിടപ്പിലാണെങ്കിലും ഇടയ്ക്ക് നിരങ്ങി വീട്ടുമുറ്റത്തെത്താറുള്ള രാമൻ സംഭവ ദിവസം അതു വഴി പോയ സുകുമാരന്റെ ഭാര്യയോട് മോശമായി സംസാരിച്ചുവെന്നാണു ആരോപണം. വിവരം അറിഞ്ഞ് പ്രകോപിതനായ സുകുമാരൻ റബർ ഷീറ്റിന് ഉപയോഗിക്കുന്ന ആസിഡുമായി എത്തി രാമന്റെ ശരീരത്ത് ഒഴിച്ചു.
സംഭവശേഷം ഒളിവിലായിരുന്ന സുകുമാരനെ കഴിഞ്ഞ ദിവസം നൂറനാട് എസ്എച്ച്ഒ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ രാമന്റെ സംസ്‌കാരം നടത്തി.



