കൊച്ചി: റോഡിന് കുറുകെ കെട്ടിയ കേബിൾ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികനായ യുവാവിന് ഗുരുതരപരിക്ക്. കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് അപകടത്തിൽ പെട്ടത്. ഇൻഫാന്റെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിയോ കേബിളാണ് അപകമുണ്ടാക്കിയത്.

എറണാകുളം കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ ഭാഗത്ത് റോഡിന് കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് കാട്ടി ഇർഫാന്റെ കുടുംബം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കേരളത്തിൽ സമാനമായ 13 അപകടങ്ങൾ നടന്നുവെന്നും അതിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല സമാനമായ അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ കൂടുതലും ഇന്റർനെറ്റ് കണക്ഷനും മറ്റുമായി എടുക്കുന്ന പുതിയ കേബിളുകളാണ്. ഇവ കൃത്യമായി വലിച്ചു കെട്ടാത്തത് മൂലം റോഡിലേക്ക് താഴ്ന്നു കിടക്കുന്നത് മിക്കയിടത്തും പതിവാണ്.

നേർത്ത ഫൈബർ കേബിളുകളായതിനാൽ യാത്രക്കാർക്ക് പെട്ടെന്ന് കണ്ണിൽപെടില്ല എന്നതും അപകടസാധ്യത വർധിപ്പിക്കും. ഇതു തന്നെയാണ് കലൂരിലും അപകടമുണ്ടാക്കിയത്.