കൊച്ചി: നോർവേ - ഇന്ത്യ വിജ്ഞാന പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാരുടെ സംഘത്തിൽ കേരളത്തിൽ നിന്ന് ഹൈബി ഈഡൻ എംപിയും. 2018 ഡിസംബറിൽ നോർവീജിയൻ സർക്കാർ തയാറാക്കിയ നോർവേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യൻ സംഘം നോർവേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമവും,സമുദ്രങ്ങൾ, ഊർജ്ജം, കാലാവസ്ഥയും പരിസ്ഥിതിയും, ഗവേഷണം, ഉന്നത വിദ്യാഭ്യാസം, ആഗോള ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നോർവേ-ഇന്ത്യ 2030 രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി ചർച്ചകൾ നടന്നതായി ഹൈബി ഈഡൻ എംപി പറഞ്ഞു.

നോർവീജിയൻ തലസ്ഥാനമായ ഓസ്ലോ നഗരത്തിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. നോർവീജിയൻ വിദേശകാര്യ ഉപ മന്ത്രി ആൻഡ്രിയാസ് ക്രാവികുമായി സംഘം കൂടിക്കാഴ്ച നടത്തി. അവിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അവിടുത്തെ തിരഞ്ഞെടുപ്പ് രീതികളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതായി ഹൈബി ഈഡൻ പറഞ്ഞു. ഓസ്ലോ മേയർ മരിയൻ ബോർഗനുമായും സംഘം കൂടിക്കാഴ്ച നടത്തി.

ഹൈഡ്രജൻ മൂല്യ ശൃംഖലകളുടെ വികസനത്തിന് ആവശ്യമായ ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ, ചട്ടക്കൂടുകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി നോർവേ സംഘടിപ്പിക്കുന്ന എച്ച് 2 കോൺഫറൻസിലും സംഘം പങ്കെടുത്തു. ഹരിത ഭാവിയിലേക്കുള്ള പരിവർത്തനത്തിൽ ഹൈഡ്രജനെ ഒരു പ്രധാന പരിഹാരമാക്കി മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ കോൺഫറൻസിൽ നടന്നു. ഹൈബി ഈഡനെ കൂടാതെ തേജസ്വി സൂര്യ (ബിജെപി), പ്രിയങ്ക ചതുർവേദി (ശിവസേന) എന്നീ എംപിമാരും സംഘത്തിലുണ്ടായിരുന്നു